Sunday, September 25, 2011

പോക്കറ്റടി

ച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സ്മുറിയില്‍ എന്തോ ചില ഒരുക്കങ്ങള്‍.വേഗം കഴിച്ചു കഴിഞ്ഞ ചിലര്‍ ക്ലാസ്സിലെത്തിയിട്ടുണ്ട്. പിന്നാലെ ഓരോരുത്തര്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
              പെട്ടെന്ന് പുറത്തുനിന്ന് ഒരാരവം.ആരവം അടുത്തടുത്ത് വരുന്നുണ്ട്.എന്താണെന്ന് ശങ്കിച്ചുനില്‍ക്കുന്നതിനിടയില്‍ അത് ക്ലാസ്സ് മുറിയിലേക്കുതന്നെയാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നു  മനസ്സിലായി.
       ആരവം മാത്രമല്ല ഒരു ചെറിയ ജാഥ തന്നെയുണ്ട്‌. ''വാടാ..വാടാ''എന്നുറക്കെ വിളിച്ചുകൊണ്ട്  മുന്നില്‍ കിരണ്‍.കിരണിന്റെ തൊട്ടു പിന്നില്‍ തലയും താഴ്ത്തിപ്പിടിച്ച് കുറ്റവാളിയെപ്പോലെ അഭിലാഷ്.അഭിലാഷിന്റെ ഇരു കൈകളും ഇരു ഭാഗത്തുമായി മുറുകെപ്പിടിച്ചുകൊണ്ട് അഖിലും സനലും.ഇരുവരും വിജയ ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
        എനിക്കൊന്നും മനസ്സിലായില്ല.
             ''എന്താ,എന്താ ഇതൊക്കെ?'' എന്ന് ചോദിക്കുമ്പോഴേക്കും പിന്നില്‍ നിന്ന സജേഷ് ഓടി മുന്നിലെത്തി.
             ''ടീച്ചറേ, പോക്കറ്റടിച്ചു!'' അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
         ''പോക്കറ്റടിച്ചോ? ആര്? എവിടെ?'' എനിക്കൊന്നും പിടി കിട്ടിയില്ല.
      ''സത്യമായിട്ടും അതേ ടീച്ചറേ,അഭിലാഷ് കിരണിന്റെ പോക്കറ്റടിച്ചു.'' സജേഷിനു പിന്തുണയുമായി കൂടുതല്‍ പേര്‍ സംസാരിക്കാനാരംഭിച്ചു.ആകെ ബഹളം.
             ''ശ്ശെ,നിര്‍ത്ത്'' ഞാന്‍ ഒച്ച വെച്ചു.
           ''എല്ലാവരും മിണ്ടാതെ അവരവരുടെ സീറ്റില്‍ പ്പോയിരിക്ക്.'' സംശയിച്ചു നിന്നവരെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു.  
            അഭിലാഷ് തല കുനിച്ച് അവിടെത്തന്നെ നില്‍പ്പാണ്.ക്ലാസ്സില്‍ നിശ്ശബ്ദത.ടീച്ചര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ എല്ലാ കണ്ണുകളിലും ഉണ്ട്.ഞാന്‍ കൈവിരലുകള്‍ കൊണ്ട് അവന്റെ താടി പിടിച്ചുയര്‍ത്തി.ഇപ്പോളാണവന്‍ എന്റെ നേരെ നോക്കിയത്.അവന് എന്തോ പറയാനുണ്ടെന്ന്  ആ കണ്ണുകളില്‍ നിന്ന് മനസ്സിലായി.
        ഞാന്‍ അവന്റെ വലംകയ്യില്‍  പിടിച്ചുകൊണ്ട്  തൊട്ടടുത്ത മുറിയിലേക്കു നടന്നു.അവിടെ യുണ്ടായിരുന്ന കസേരയിലിരുന്നുകൊണ്ട് ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു.
           ''അഭിലാഷ്,എന്താ കാര്യം?'' പതുക്കെയാണ് ചോദിച്ചത്.
ചോദിക്കാന്‍ ഇത്രയും സമയം കാത്തിരുന്നതുപോലെ പെട്ടെന്ന് അവന്‍ പറയാന്‍ തുടങ്ങി.
                  ''അതില്ലേ,ആങ്ങളെ* ജിത്തൂട്ടന്റെ വര്‍ത്ത്ട*ണ്ട്,നാറായ്ച്ച*...മാമനും ചിത്രച്ചേച്ചിമെല്ലാം സമ്മാനം കൊട്ക്ക്ന്ന്‌ണ്ട്, എക്കും കൊട്ക്കണം..  അയിനാന്  ഞാന്‍....''
                         പെട്ടെന്നവന്‍ നിര്‍ത്തി. 
              ''അതിന് നീ എന്ത് ചെയ്തു?..പറ..''  ഞാന്‍ തിരക്ക് കൂട്ടി.
   ''സമ്മാനം മേണിച്ചോട്ക്കാന്‍  പൈസ അച്ചന്‍ തന്നിറ്റ. അതോണ്ടാണ് ഞാന്‍ എട്ത്തിനി..കിരണ്‍ കഞ്ഞി കുടിക്കാനിര്ന്നപ്പം  ഓന്റെ  പേന്റിന്റെ വയ്യലത്തെ കീശേന്ന്,ഐന്റെ കയറ്‌ പൊറത്തേക്ക്  കണ്ടപ്പം ഞാന്‍ എട്ത്തു.'' സംഭവം അവന്‍ പൂര്‍ണമായി വിശദീകരിച്ചു.
       പോരല്ലോ,തൊണ്ടിസാധനം ഇനിയും കണ്ടിട്ടില്ല,
                ''എന്നിട്ട് നീ എടുത്ത സാധനം എവിടെ?''
          ആകാംക്ഷയോടെ  ഞാന്‍ വീണ്ടും ഇടപെട്ടു.    
                 അവന്‍ മടിച്ചുമടിച്ച് കൈ ട്രൌസറിന്റെ പോക്കറ്റിലേക്കു താഴ്ത്തി.വലിച്ചെടുത്തത് പച്ച നിറത്തിലുള്ള ഒരു വിസില്‍.അതിന്റെ അറ്റത്ത്‌ ഓറഞ്ചു നിറത്തിലുള്ള ചരട് തൂങ്ങിക്കിടപ്പുണ്ട്.
                              ഞാനത് എന്റെ കയ്യില്‍ വാങ്ങി.നോക്കിക്കൊണ്ടിരിക്കേ,അതൊരു വലിയ മിനുസമുള്ള വെള്ളാരങ്കല്ലായി മാറി.ഏതാണ്ടൊരുവര്‍ഷം മുമ്പ്,എനിക്കെന്റെ ചെറിയ മകന്റെ ട്രൌസര്‍ അലക്കാന്‍ വേണ്ടി  എടുത്തപ്പോള്‍ അതിന്റെ കീശയില്‍ നിന്നും കിട്ടിയതും,പിന്നീട് പല തവണ അവനത് അന്വേഷിച്ചു നടക്കുന്നത്‌ കണ്ടിട്ടും, തിരിച്ചു കൊടുക്കാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചതും ആയിരുന്നു ആ വെള്ളാരങ്കല്ല്.   
 (*ആങ്ങളെ-ഞങ്ങളുടെ ,വര്‍ത്ത്ട-birth day, നാറായ്ച്ച-ഞായറാഴ്ച)
  

Sunday, July 17, 2011

മേല്‍പ്പാലം

                          ''ഇന്ന് അനന്തേട്ടന്‍ നേരത്തേയാണല്ലോ.തണുപ്പൊന്നുമില്ലേ?''
          കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടയില്‍ അയല്‍ക്കാരി മാധവിയുടെ അന്വേഷണം.
                   ''ങാ,നേരത്തേ എണീറ്റതാ, തണുപ്പു കൂടുമ്പഴേ..ചൂടുകടലയ്ക്ക് സ്വാദും കൂടും'',
          പറഞ്ഞു തീര്‍ന്നില്ല,ചുമ ശല്യപ്പെടുത്തി.കമ്പിളിക്കുപ്പായം പൊതിഞ്ഞ മാറില്‍   വലതുകൈകൊണ്ടു          തടവിക്കൊണ്ട് അനന്തേട്ടന്‍ കാലുകള്‍ നീട്ടിവെച്ചു നടന്നു.
          പുലര്‍ച്ചെവണ്ടിയുടെ കൂവല്‍ ദൂരെനിന്നു കേള്‍ക്കുന്നുണ്ട്.ഗേറ്റ്മാന്‍ നാണു വിളിച്ചു പറഞ്ഞു,
                 ''ഞാന്‍ തുടങ്ങി,അനന്തേട്ടനും  തുടങ്ങിക്കോ..ഇതാ,ഇത് പിടിച്ചാട്ടെ'',
      ഗ്ലാസ്സിലെ ചായ മോന്തിക്കൊണ്ട്  ഫ്ലാസ്കില്‍ നിന്ന് മറ്റൊരു കപ്പിലേക്കുകൂടി ചായ പകര്‍ന്ന് നാണു അനന്തേട്ടന്റെ നേര്‍ക്കു നീട്ടി.   
         സ്റ്റൌവില്‍ തീ കത്തിച്ചുവെച്ച ശേഷം അനന്തേട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങി.അടഞ്ഞ ഗേറ്റുകള്‍ ക്കിടയിലൂടെ അതിവേഗം ആദ്യവണ്ടി ചീറിപ്പാഞ്ഞു.സ്റ്റൌവിലെ നാളങ്ങള്‍ ഉലഞ്ഞുകത്തി.
      നാണു ഗേറ്റ് തുറന്നു.വാഹനത്തിരക്കില്ലാത്തപ്പോള്‍,ഉള്ളവയ്ക്ക് ധൃതിയുമില്ല!ഒന്നുരണ്ട്‌ ഓട്ടോ റിക്ഷകളും ഒരൊറ്റ കാറും സാവധാനമാണ്‌ പാളങ്ങള്‍ മുറിച്ചു കടന്നത്‌.
        ഇനി വേഗം നോക്കാം.ചുട്ടുപഴുത്ത മണലില്‍ നിലക്കടലമണികള്‍ തിരിഞ്ഞും മറിഞ്ഞും നീന്തിക്കളിച്ചു.അരിപ്പയിലെടുത്തു വൃത്തിയാക്കി,കടലാസില്‍ പൊതിഞ്ഞ് അനന്തേട്ടന്‍ നീട്ടി വിളിച്ചു,
       ''നാണ്വെ...''
   പൊതിയില്‍ പാതി കൈവെള്ളയിലിട്ടു തിരുമ്മി നാണു ഒരൊറ്റ ഊത്ത്... പിന്നെ,  കൈയില്‍ നിന്ന് ഓരോന്നെടുത്തു  കൊറിച്ചുകൊണ്ട് വേഗത്തില്‍ അകത്തേക്ക് പോയി.രണ്ടു മിനുട്ടിനകം തിരിച്ചു വന്നു.
        ''അനന്തേട്ടാ, തെക്കോട്ട്‌.''
  ഗേറ്റടഞ്ഞതും,കുതിച്ചെത്തിയ മാരുതി കാറിലെ മാന്യന്‍ നിരാശയോടെ ഗ്ലാസ്സുകള്‍ താഴ്ത്താന്‍  തുടങ്ങി.നാണുവേട്ടന്‍ ഇരുമ്പു ചട്ടുകം കൊണ്ട് ചീനച്ചട്ടിയില്‍ താളത്തില്‍ തട്ടി.സംഗതി ഫലിച്ചു!പിന്‍ വാതില്‍ തുറന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി.
       ''രണ്ടെണ്ണം.''
രണ്ടു പൊതി  കൊടുത്ത്, വലതുകൈനീട്ടി വാങ്ങിയ നോട്ട് കണ്ണുകളില്‍ ചേര്‍ത്തുവെച്ച ശേഷം അത് പെട്ടിയിലിട്ടു.
     ചിലരങ്ങനെയാണ്.പെട്ടെന്ന് തീരുമാനിക്കും.മറ്റു ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ ആലോചനയാണ്..തീരുമാനിക്കുമ്പോഴേക്കും നാണു തടസ്സം നീക്കും.പിന്നൊരു പോക്കായിരിക്കും.
    ഡബിള്‍ ലൈന്‍ വന്നതിനു ശേഷം നില മെച്ചപ്പെട്ടിട്ടുണ്ട്.പത്തോ പതിനഞ്ചോ മിനുട്ട് വണ്ടി നിര്‍ത്തി അലസരായിരിക്കുന്നവര്‍ക്ക് അനന്തേട്ടനെ കണ്ടില്ലെന്നു നടിക്കാനാവാറില്ല. വണ്ടി പതിയെ ഉന്തി പാത്രത്തില്‍ താളമടിച്ചുകൊണ്ട് അനന്തേട്ടന്‍ അപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പോക്കുവരവ്  നടത്തും.എന്തു ചെയ്യാം, ചിലര്‍ കുറേക്കൂടി മടിയന്മാരാണ്.  
                ഉച്ചയ്ക്കുശേഷം ഒരു കാറില്‍ നാലഞ്ചുപേര്‍  വന്നിറങ്ങി.ഗേറ്റിനിരുവശവും കുറച്ചു ദൂരത്തോളം നടന്നുനോക്കി.ഇരു ഭാഗത്തേക്കും കൈകള്‍ ചൂണ്ടി എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.പിന്നെ വന്ന് നാണുവിനോട്‌ എന്തോ സംസാരിച്ചു.കാറില്‍ക്കയറി പോവുകയും ചെയ്തു.
           ''ആരാ നാണൂ അത്? ''
   ആകാംക്ഷയോടെ ചോദിച്ചു.
        ''നാടിന് നല്ലകാലം വരാന്‍ പോണൂ അനന്തേട്ടാ..മേല്‍പ്പാലം പണി തുടങ്ങാന്‍ പോകുന്നു.സ്ഥലം നോക്കാന്‍ വന്നവരാ.''
            നല്ലതു തന്നെ. നാട് വികസിക്കട്ടെ 
                      .....സര്‍ക്കാരു പണിക്കു  വേഗമില്ലെന്നാരു പറഞ്ഞു? എത്ര പെട്ടെന്നായിരുന്നു എല്ലാം..വീട്ടു മുറ്റങ്ങള്‍ ചെറുതാവുന്നു,നിര്‍മ്മാണ സാധനങ്ങള്‍ കുന്നു കൂടുന്നു, റോടരികിലെല്ലാം അന്യനാട്ടുകാരായ തൊഴിലാളികള്‍ പറ്റം ചേരുന്നു,വലിയ ശബ്ദത്തില്‍ സിമന്റു കുഴയ്ക്കുന്നു. 
        പാലത്തിന്റെ അസ്ഥികൂടം കണ്ടിട്ടുതന്നെ അനന്തേട്ടന്  ആശ്ചര്യം അടക്കാനായില്ല.പാലത്തിന്റെ അവസ്ഥ എന്തായിരിക്കും!
                ഒരു ദിവസം, രണ്ടു ഭീമന്‍ തൂണുകള്‍ക്കിടയിലെ സുരക്ഷിതമായ സ്ഥലത്ത് ഒരു നായ  പെറ്റു കിടക്കുന്നത് കണ്ടു.അമ്മയ്ക്കും മക്കള്‍ക്കും അവിടെ പരമ സുഖം! 
       അനന്തേട്ടനും സന്തോഷത്തിലാണ്.ഇപ്പോള്‍ വാഹനങ്ങളുടെയും ആളുകളുടെയും കാത്തിരിപ്പ് വീണ്ടും നീളുകയാണ്.ഓരോ ഗേറ്റടപ്പിലും  അനന്തേട്ടന്‍ രണ്ടോ മൂന്നോ തവണ പോക്കുവരവ് നടത്തും.നല്ല കച്ചവടം,അല്ല..നല്ലസമയം!പണിക്കാരും ഇപ്പോള്‍ ചങ്ങാതിമാരായി.
               പണിയൊക്കെ ഏതാണ്ട് തീര്‍ന്നു...മേല്‍പ്പാലമെന്ന ആ അത്ഭുതം അനന്തേട്ടനെ ഹരം പിടിപ്പിച്ചു കൊണ്ടിരുന്നു.പകല്‍ മുഴുവന്‍ കണ്ടോണ്ടിരുന്നാലും പിന്നെയും പിന്നെയും കാണാന്‍ കൊതി! ഈ ആശ്ച്ചര്യപ്പെടല്‍ കണ്ടു രസിച്ച് ഒരു ദിവസം നാണു പറഞ്ഞു,
          ''അല്ല അനന്തേട്ടാ,നിങ്ങള് താജ്മഹലോ കുത്തബ്മിനാരോ കണ്ടാപ്പിന്നെ എന്തായിരിക്കും പറയ്വാ.''
                ''എന്നാലും എന്റെ നാണൂ,പത്തിരുപത് ഭയങ്കരന്‍ കാലുമ്മ ഇതിങ്ങനെ നീണ്ടു നീര്‍ന്നു നിക്കുന്നത് കാണുമ്പം നിനക്കൊന്നും തോന്നുന്നില്ല? ''
         നാണു ചിരിച്ചു കൊണ്ട് വീണ്ടും ഗേറ്റടച്ചു.താളമേളശബ്ദഘോഷങ്ങളോടെ ഒരു ജീപ്പ് പെട്ടെന്നു വന്ന് ഗേറ്റിനു തൊട്ടടുത്ത് നിര്‍ത്തി.ഉച്ചഭാഷിണി നിര്‍ത്തി വണ്ടിക്കകത്തുള്ളവര്‍  വലിയൊരു നോട്ടീസെടുത്ത് അനന്തേട്ടന്റെ നേരെ നീട്ടി.കണ്ണടയില്ലാതെ അക്ഷരങ്ങള്‍ തെളിയുന്നില്ല.നാണുവിന്റെ കയ്യില്‍ കൊടുത്തു.അയാള്‍ ഉറക്കെ വായിച്ചു,
                   ''.........നാടിന്റെ ചിരകാല സ്വപ്നമായ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നു....'' 
        ''എല്ലാരും വരുന്നുണ്ടല്ലോ.എംപീം, എമ്മെല്ലേം ഒക്കെ.മന്ത്രിയാ ഉത്ഘാടനം ചെയ്യുന്നേ..''
നാണു ഉത്സാഹത്തിലായിരുന്നു.
             അപ്പോഴാണ്‌ അനന്തേട്ടന്  ഒരു സംശയം വന്നത്,
                                ''അല്ല,നാണൂ..പാലം വന്നാപ്പിന്നെ നീയിവിടെ ഉണ്ടാവ്വോ?നിനക്ക് പിന്നിവിടെ എന്താ പണി?''
       ''ഇതടയുമ്പം തൊറക്ക്‌ന്ന വേറെ സ്ഥലത്ത് ഞാനുണ്ടാവും അനന്തേട്ടാ''  
                   ഉത്ഘാടന ദിവസം,അല്ല..ഉത്സവ ദിവസം വന്നെത്തി!എങ്ങും സന്തോഷ പ്രകടനങ്ങളും ആര്‍പ്പുവിളികളും..പൂമാല ചാര്‍ത്തിയ മന്ത്രി ചിരിച്ചു വിളങ്ങി.അനന്തേട്ടന്  തിരക്കോടു തിരക്ക്.കരുതിയ കടല മുഴുവന്‍ തീര്‍ന്നു.ഛെ,കുറെ കൂടുതല്‍ വാങ്ങി വെക്കാമായിരുന്നു.
      മന്ത്രി മടങ്ങി.ആളും ആരവവും അടങ്ങി.മൂളിപ്പാട്ടും പാടി അനന്തേട്ടന്‍ വീട്ടിലേക്കുള്ള വഴിയെ നടന്നു.
           രാവിലെ കടല നിറച്ച സഞ്ചിയുമായി വീണ്ടും അനന്തേട്ടന്‍  പുറപ്പെട്ടു.വണ്ടി ക്കടുത്തെത്തി.തീ കൂട്ടി.ചുട്ട മണലിലേക്ക്  കടലമണികള്‍ ഉരുണ്ടു വീണു.അനന്തേട്ടന്‍ ജോലി തുടങ്ങി.
         ''അനന്തേട്ടാ,''
 നാണുവിന്റെ വിളിയാണ്. 
         ''ഞാനിപ്പോള്‍ പോവും,വേറെ സ്ഥലത്ത് പണിയായി.കൊറച്ച് ദൂരം പോണം.നിങ്ങളെ ഒന്ന് കാണാന്ന് വിചാരിച്ച് നിന്നതാ.''
            ഒരു നിമിഷം കൊണ്ട് ഒറ്റപ്പെട്ടതുപോലെ അനന്തേട്ടന്  തോന്നി.
 ''ഇനിയെന്നാ  കാണ്വാ നമ്മള്?''
       കടലാസ് പൊതി കയ്യില്‍ വെച്ച് കൊടുത്തു കൊണ്ട് അത്രയേ പറഞ്ഞുള്ളൂ..
''എന്നാപ്പിന്നെ ശരി,അടുത്ത ബസ്സിനു പോണം.''
                   നാണു നടന്നു. 
                   വറചട്ടിയില്‍ ചട്ടുകമിട്ടിളക്കിക്കൊണ്ട്  അനന്തേട്ടന്‍ എന്തോ ചിന്തയില്‍ മുഴുകി.എത്രനെരമായോ ആവോ...മുകളിലൂടെ പോകുന്ന വണ്ടികളുടെ ഹോണടി ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.താനിവിടെ ഒറ്റയ്ക്ക്......?
         വണ്ടി മെല്ലെ ഉന്തി നോക്കി.അനങ്ങാനുള്ള മടിയോടെ ചക്രങ്ങള്‍ എന്തോ ശബ്ദമുണ്ടാക്കി.ശക്തമായി തള്ളി.ഹോ!..പാലത്തിന്റെ അറ്റത്തേക്ക് ഇത്ര ദൂരമുണ്ടെന്നു   ഇപ്പോഴാണ് അറിയുന്നത്.അവിടെ നില്‍പ്പുറപ്പിച്ചു ചട്ടുകം താളത്തില്‍ തട്ടി ശബ്ദമുണ്ടാക്കി ക്കൊന്ടിരുന്നു.
      റോഡിലൂടെ അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഒരു ചെറിയ ചാട്ടത്തോടെ പാലത്തില്‍ കയറുന്നു.സന്തോഷത്തോടെ ആള്‍ക്കാര്‍ ഇരുപുറത്തേക്കും നോക്കി സംസാരിക്കുന്നു. എന്തോ വിജയം നേടിയ ഭാവത്തില്‍ കയറിയിറങ്ങിപ്പോകുന്നു. പാലത്തിനു മുമ്പോ പിന്‍പോ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി ആര്‍ക്കും തോന്നിയില്ല;അനന്തേട്ടനൊഴികെ....