Saturday, November 22, 2014

വിധേയരുടെ ഈ ലോകം

കുഞ്ഞാമൻ കാരണവർ കാലുകൾ നീട്ടിവെച്ച് നടന്നു..വേഗം വീട്ടിലെത്തണം.കണ്ണനെ മുറിക്കകത്ത് പൂട്ടിയിട്ടാണ് വന്നിരിക്കുന്നത്.അവൻ ഉറങ്ങിക്കാണുമോ ആവോ..പകലുകൾ ഉണർന്നിരിക്കാനുള്ളവയാണെന്നും രാത്രികൾ ഉറങ്ങാനുള്ളവയാണെന്നും അവന്  അറിയില്ലല്ലോ.അല്ലെങ്കിൽത്തന്നെ അവതമ്മിൽ അവനെന്തു വ്യത്യാസം!                                                                             അൽ‌പ്പസമയംകൂടി നിന്നാൽ വണ്ടിയിൽ കൊണ്ടുവിടാമെന്ന് ദാമോദരൻ പറഞ്ഞതാണ്..വേണ്ട,ആരെയും ബുദ്ധിമുട്ടിക്കേണ്ട.                               വീട്ടിലെത്തി നോക്കിയപ്പോൾ കണ്ണൻ ഉറങ്ങിയിട്ടില്ല.നിവർത്തിപ്പിടിച്ച വലതുകൈത്തലത്തിലേക്കുനോക്കി പെരുവിരൽനഖത്തോട് എന്തൊക്കെയോ സംസാരിക്കുകയാണവൻ.അവന്റെ ഒരേയൊരു കൂട്ടുകാരൻ ആ നഖം മാത്രമാണല്ലോ......പൊന്നുമോനേ,എന്റെ കണ്ണുകളിലേക്കുനോക്കി എന്തെങ്കിലും ഒരു വികാരത്തോടെ  എന്നാണ് നീയൊന്നു സംസാരിക്കുക?                                                           നാൽ‌പ്പത്തിരണ്ടുദിവസങ്ങൾക്കുമുമ്പ് ആശുപത്രിക്കിടക്കയിൽ അർധബോധാവസ്ഥയിൽ അവസാനമായി ദേവകി പറഞ്ഞുകൊണ്ടേയിരുന്നു,“കണ്ണൻ..എന്റെ കണ്ണൻ...”                                        മൂത്ത രണ്ടു മക്കളെക്കുറിച്ച് ഒരുവേവലാതിയുമില്ല.രണ്ടുപേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു.എങ്കിലും ഇന്നുരാവിലെ മൂത്തമകന്റെ  ഗ്യ് ഹപ്രവേശനമുഹൂർത്തത്തിൽ തിളച്ചുപതഞ്ഞ പാലിനൊപ്പം തന്റെ നെഞ്ചിൻ കൂടിൽ നിന്ന് നുരഞ്ഞുപൊങ്ങിയത് എന്തായിരുന്നുവെന്ന് കാരണവർക്ക് ഇപ്പോഴും അറിയില്ല.                                                മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറാതിരിക്കുമ്പോൾ, ജീവിക്കാതിരിക്കുമ്പോൾ ശാസ്ത്രം അതിനു പല കാരണങ്ങളും കണ്ടെത്തും....ഗ്രഹങ്ങളും പലതും പറയും.എൻഡോസൾഫാനായാലും ശനിയായാലും ജീവിതം തന്നെ കൈവിട്ടുപോയി തനിക്ക്.                                                                                                                          ഇന്നേതായാലും തൽക്കാലം അടുക്കളയിൽ  ജോലിയൊന്നുമില്ല.രണ്ടുപേർക്കുള്ള ഭക്ഷണം ഉച്ചയ്ക്കുമുമ്പ് ഇങ്ങോട്ടെത്തിക്കാമെന്ന് ദാമോദരൻ പറഞ്ഞിട്ടുണ്ട്.വീണ്ടും അങ്ങോട്ട് നടന്ന് ബുദ്ധിമുട്ടേണ്ടല്ലോ.                                                                                                                                               ടി.വി.ഓൺചെയ്തു നോക്കി.ന്യ് ത്തത്തിന്റെ റിയാലിറ്റി ഷോ.തട്ടുപൊളിപ്പൻ സംഗീതം കേട്ടപ്പോൾ കണ്ണൻ ഒന്നു തലയനക്കി. “ബാ...” എന്നൊരു ശബ്ദം അവന്റെ തൊണ്ടയിൽനിന്നും പുറത്തേക്കു വന്നു.അപ്പോഴാണ് അതു കണ്ടത്.അവന്റെ ഇരു കണ്ണുകളിലും ചമറ് അടിഞ്ഞിരിക്കുന്നു.കാരണവർ ഒന്നു ഞെട്ടി.രാവിലെ തിരക്കിലായിരുന്നു എന്നത് നേര്.പക്ഷേ,താനും........?                                                                                                                                                       നനഞ്ഞ തുണി കൊണ്ടുവന്ന് മകന്റെ മുഖവും കണ്ണുകളും തുടച്ചു  വ്യ് ത്തിയാക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി പതുങ്ങിയിരിക്കുകയാണ് ആ ഇരുപത്തിയെട്ടുകാരൻ.                                                                             അനുസരണ ഒരു നല്ല ശീലം തന്നെയാണോ?      മകന്റെ അനുസരണക്കേട് കാണാൻ വർഷങ്ങളായി കാത്തിരിക്കുന്ന പിതാവാണു താൻ.  “ഛെ,എന്താണച്ഛാ ഇതൊക്കെ? ഞാൻ തന്നെ ചെയ്തോളാം” എന്ന് അവൻ തന്റെ കൈ തട്ടി മാറ്റിയെങ്കിൽ..!                                                                                                      കണ്ണനെ നേരെ കിടത്തിയതിനുശേഷം വീണ്ടും ടി.വിയിൽത്തന്നെ ശ്രദ്ധിച്ചു.വിധികർത്താക്കളിലൊരാൾ നർത്തകനു വന്ന ചുവടുപിഴ ചൂണ്ടിക്കാണിക്കുകയാണ്.ഭവ്യതയോടെ നർത്തകൻ എല്ലാം കേട്ടു നിൽക്കുന്നു.ഇടയ്ക്കിടെ നെഞ്ചിൽ കൈവെച്ച്,തല കുനിച്ചുകൊണ്ട് തന്റെ വിനീത വിധേയത്വം പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾ.കാരണവർക്ക് എന്തോ വല്ലായ്മ തോന്നി.അയാൾ റിമോട്ടിൽ വിരലമർത്തി.സിനിമയാണ്.വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകൻ.മടുപ്പു തോന്നി അയാൾ ടി.വി ഓഫ് ചെയ്തു.കണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.                                                                                                                                            മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം.അടുത്ത വീട്ടിലെ വിജയനാണ്.ഭക്ഷണവും കൊണ്ട്  വന്നതാണ്.  “ദാമോരേട്ടൻ തന്നെ വരാനിരുന്നതാണ്.അന്നേരത്താണ് ആപ്പീസറും കുടുംബവും എത്തിയത്.വൈകീട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.” പാത്രങ്ങളേൽ‌പ്പിച്ച് വിജയൻ തിരിച്ചുപോയി.                                                                                                                                                        ഭക്ഷണംകഴിക്കാറായിട്ടില്ല.കണ്ണനുണരട്ടെ.ഒരുമിച്ചാവാം.അപ്പോഴാണ് മുറിയുടെ മൂലയിൽ വെച്ച അവന്റെ വീൽ ചെയർ ശ്രദ്ധിച്ചത്.ചക്രത്തിനടുത്തായുള്ള ഒരു സ്ക്രു ഇളകിയിട്ടുണ്ടോ? അയാൾ സ്പാനറെടുത്ത് ആ ആണി  തിരിച്ചു മുറുക്കാൻ തുടങ്ങി......

12 comments:

Salim kulukkallur said...

എന്‍റെ അയല്പക്കത്തുണ്ടായിരുന്നു ഇതുപോലോരാള്‍..വായിച്ചപ്പോള്‍ അവരെ ഓര്‍മ്മ വന്നു ...നന്നായി എഴുതി

ajith said...

വായിച്ചു.
ആശംസകള്‍

ആൾരൂപൻ said...

നന്നായിരിക്കുന്നു. നാട്ടിലുള്ള ഏതോ വീട്ടിന്റെ ശരിപ്പകർപ്പ്..... 
അല്ലെങ്കിലും ജീവിതം ചിലർക്കൊക്കെ ഇങ്ങനെയാണ്. 

Cv Thankappan said...

ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.ഇങ്ങനെയും കഷ്ടപ്പെടുന്ന എത്രയോ ജീവിതങ്ങള്‍...!!!
ആശംസകള്‍

ajith said...

ചമറ് എന്നാല്‍ എന്താ?

suma teacher said...

.....കണ്ണിന്റെ മൂലയിൽ അടിഞ്ഞുകൂടുന്ന പീള-ഇതിന് ഞങ്ങളുടെ നാടൻ ഭാഷയിൽ പറയുന്ന പേരാണ് ചമറ്...

കീയക്കുട്ടി said...

രാവിലെ തന്നെ നല്ല വായന തന്നു... ലളിതമായി ... ഭാവം ചോരാതെ

Sudheer Das said...

വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍.

© Mubi said...

ജീവിതം....

അനാമിക പറയുന്നത് said...

sankadam vannu

ജ്യോതി സനിൽ said...

വാക്കുകൾ മനസിനെ തൊടുമ്പോൾ വേദനിക്കുന്നു
ജ്യോതി

സുധി അറയ്ക്കൽ said...

ഇരകളുടെ ലോകം.